ഇത് യുവര്‍ ചോയ്സ് തന്നെ. പക്ഷേ........കഴിഞ്ഞ ദിവസം (20/01/2008) ആകാശവാണി തൃശ്ശൂര്‍ നിലയത്തിന്റെ ഗാനതരംഗിണി--- --നിങ്ങളാവശ്യപ്പെട്ട ഗാനങ്ങള്‍- പരിപാടിയില്‍ കേട്ടത്.
അവതാരകയായ സ്ത്രീ ആകാശവാണിക്ക് കിട്ടിയ കത്തുകള്‍ വായിചിട്ട്് അയച്ച ആളിന്റെ ഫോണില്‍ നേരിട്ട് വിളിച്ച് കുശലം ചോദിച്ചു, പിന്നീട് ഇഷ്ടപ്പെട്ട പാട്ട് കേള്‍പ്പിക്കുന്ന പരിപാടി.
അവതാരക ഫോണ്‍ ചെയ്യുന്നു. മറ്റേതലയ്ക്കല്‍ പതിഞ്ഞ ശബ്ദത്തില്‍ ഒരു സ്ത്രീ മറുപടിയായി ഹലോ പറയുന്നു.
അവതാരക: ജോണ്‍പോളിന്റെ വീടല്ലേ?
സ്ത്രീ : അതെ
അവതാരക : ജോണ്‍പോളിന് കൊടുക്കാമോ ?
ഫോണ്‍മറുപടികേട്ട് ശ്രോതാവായ ഞാന്‍ ഞെട്ടി.
"ജോണ്‍പോള്‍ ഇല്ല - മരിച്ചുപോയി". ആ സ്ത്രീയുടെ ശബ്ദത്തിന്നവസാനം എത്തിയ ഗദ്ഗദവും പ്രക്ഷേപണം ചെയ്യപ്പെട്ടു... ലൈവ് റിയാലിറ്റി..
അവതാരക ഒരു നിമിഷം സ്തബ്ധയായി എന്ന് തീര്‍ച്ച.
റേഡിയോ നിലയം തന്നെ നിലച്ചതുപോലെ .
അവര്‍ എന്തു ചോദിക്കണമെന്ന് അറിയാതെ പതറിയപ്പോള്‍ജോണ്‍പോളിന്റെ അമ്മ തുടര്‍ന്നു
"അവന്‍ ആകാശവാണിക്കു കത്തയച്ചിരുന്ന കാര്യം പറഞ്ഞിരുന്നു.അവന് ബ്രെയിന്‍ ട്യൂമറായിരുന്നു"
പിന്നെ അമ്മക്കു ഒന്നും പറയാനില്ലായിരുന്നു
പ്ലസ്ടു വിദ്യാര്‍ത്ഥിയായ അവന്റെ മരണം വെറുമൊരു ശ്രോതാവായ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി.
ആ അമ്മ പതിഞ്ഞ സ്വരത്തില്‍ അവന്റെ മരണത്തെതുടര്‍ന്ന് സ്വന്തം ഭര്‍ത്താവിന്റെ മരണവും ഏറ്റുവാങ്ങേണ്ടിവന്ന ദുര്‍വിധിയ്‌ഏക്കുറിച്ചും പറയുന്നുണ്ടായിരുന്നു.
അമ്മയുടെ വാക്കുകള്‍ കേട്ടു എന്റെ ഉച്ചഭക്ഷണം തൊണ്ടയില്‍ കുടുങ്ങി
മന: സാന്നിദ്ധ്യം വീണ്ടെടുത്ത പക്വതയാര്‍ന്ന അവതാരക സംഭാഷണം തുടര്‍ന്നതിനുശേഷം ഇങ്ങിനെക്കൂടി ചോദിച്ചു.. "ജോണ്‍പോള്‍ ആവശ്യപ്പെട്ടത് ഈ പാട്ടാണ്- ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലെ ക്രിസ്തീയ ഭക്തിഗാനം""അതുവയ്ക്കുന്നതുകൊണ്ട് അമ്മയ്ക്ക് എന്തെങ്കിലും?"
"ഇല്ല മോളെ അതുതന്നെ വച്ചോളൂ- അവന്‍ എവിടെയെങ്കിലും ഇരുന്ന് പാട്ട് കേട്ടോളും"-
പാട്ട് തുടങ്ങി
"കരുണാമയനേ....കാവല്‍ വിളക്കേ..
കനിവില്‍ നാളമേ..അശരണരാകും ഞങ്ങള്‍ക്കെല്ലാം ..
ഗിരീഷ് പുത്തഞ്ചേരിയുടെ വരികളിലെ വിദ്യാസാഗറിന്റെ ഈണം ...
അവസാനിച്ച വരികള്‍ ഇങ്ങിനെയും..
.നീയറിഞ്ഞുവോ നാഥാ
നീയുമെന്നിലെ മൌനം
നീയറിഞ്ഞുവോ?
ഉള്ളുനൊന്തുപാടുമെന്‍
പ്രാര്‍ ത്ഥനാമൃതം..."
പാട്ട് കരുണാമയനേ....കാവല്‍ വിളക്കേ..ജോണ്‍ പോളിന്റെ ആത്മശാന്തിക്കായി ഈഗാനത്തോടൊപ്പം എന്റെ ഈ പോസ്റ്റ്