Friday, July 13, 2007

ബ്ലോഗര്‍മാരുടെ അഭിപ്രായത്തിനായി

"ബ്ലോഗര്‍മാരുടെ അഭിപ്രായത്തിനായി"


കേരളത്തിലെ പ്രത്യേക സാമൂഹിക അവസ്ഥയെ മുന്‍ നിര്‍ത്തി ഒരു പ്രവചനം.

അടുത്ത കുറെ വര്‍ഷങ്ങള്‍ ക്കുള്ളില്‍ ഒരു പ്രത്യക വര്‍ഗ്ഗത്തിന്‌ വംശനാശം സംഭവിക്കാന്‍ പോകുന്നു.
വര്‍ഗ്ഗ സംഘട്ടനത്തിലൂടെ ഉന്മൂലനമോ അതി ജീവനമോ സംഭവിക്കുന്നതിനെക്കുറിച്ചല്ല ഈ കുറിപ്പ്‌.

അടുത്ത പത്തു വര്‍ഷത്തില്‍ ഐ.ടി.കമ്പനികളുടെ "ബൂം", സ്മാര്‍ട്ട്‌ സിറ്റി തുടങ്ങിയവയിലൂടെ കൂടുതലാളുകള്‍ ഡോളര്‍ കണ്‍ വേര്‍ഷന്‍ ഫാക്ടറിലൂടെയുള്ള കൂടുതല്‍ ശമ്പളം വാങ്ങുകയും മാഫിയകളുടെ അതിപ്രസരം മൂലം ക്രിമിനല്‍ തൊഴിലാളികളുടെ വരുമാനം കൂടുതലാവുകയും ചെയ്യുമ്പോള്‍ കേരളത്തിലെ ദരിദ്രര്‍ ഇല്ലാതാകുന്ന സാഹചര്യം - (അല്ലെങ്കില്‍ ദാരിദ്ര്യം അല്‍പമെങ്കിലും ഉണ്ടെങ്കിലും പുറത്തറിയിയ്ക്കാന്‍ മടിയുള്ള മാനസികാവസ്ഥ)ഞാന്‍ പ്രവചിക്കുന്ന വര്‍ഗ്ഗ സിദ്ധാന്തം ഇതാണ്‌.

കന്യാസ്ത്രീകളായി സഭയില്‍ വരുന്നവരുടെ എണ്ണം കുറയും. (ഇത്‌ ഏതെങ്കിലും സഭാരേഖകളോ മറ്റോ വായിച്ച്‌ ആധികാരികമായി പറയുന്നതല്ല).

പണ്ട്‌ കര്‍ത്താവിന്റെ മണവാട്ടികളാകാനുണ്ടായ സാഹചര്യത്തിന്‌ കാരണങ്ങള്‍.

ഒന്ന് : ദാരിദ്ര്യം - ദരിദ്ര കുടുംബത്തിലെ പെണ്‍ കുട്ടികള്‍ ബലമായി പറഞ്ഞയക്കപ്പെട്ടിരുന്നു. (പുതിയ സാഹചര്യം മേല്‍ വിവരിയ്ക്കപ്പെട്ടു - )

പുതിയ യുഗത്തിലെ 'അടിപൊളി' ജീവിതം കാംക്ഷിക്കുന്ന പെണ്‍ കുട്ടികളുടെ താല്‍പര്യം എതിരായിരിക്കും.

രണ്ട്‌ : യാഥാസ്ഥിക സത്യക്രിസ്ത്യാനികള്‍ ദൈവഹിതത്തിനായി നേര്‍ച്ചയിട്ടു(ഇപ്പോള്‍ ഈ ഉദ്ദിഷ്ട കാര്യത്തിന്‌ ഉപകാര സ്മരണയുള്ളവര്‍ കുറവല്ലേ?)

മൂന്ന് : കൂടുതല്‍ കുട്ടികളുള്ള കുടുംബം നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുമ്പോള്‍ / വിവാഹം കഴിച്ചുകൊടുക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ (പുതിയ സാഹചര്യം : ചെറിയ സന്തുഷ്ട കുടുംബത്തില്‍ കുട്ടികള്‍ കുറവ്‌.)

നാല്‌ : കുടുംബ വ്യവസ്ഥയില്‍ കുടുംബ കാരണവരുടെ ഏതാജ്ഞയും ശിരസാവഹിച്ചിരുന്ന മറ്റ്‌ അംഗങ്ങള്‍ -(ഇപ്പോഴത്തെ സാഹചര്യം : അണുകുടുംബത്തില്‍ തീരുമാനം എടുക്കുന്നവരും പ്രാവര്‍ത്തികമാക്കുന്നതും കുടുംബ നാഥനോ അതോ കൂട്ടായോ -)

അഞ്ച്‌ : അനാഥാലയത്തിലെ (സഭ വളര്‍ത്തുന്ന) കുട്ടികളെ കന്യാസ്ത്രീയാക്കാം എന്ന അവസ്ഥ. പക്ഷേ അവരെയൊക്കെ വലിയ വിദ്യാഭ്യാസം ചെയ്യിക്കാതെ സേവകപണിയില്‍ മാത്രം പരിശീലനം നല്‍ കുന്നതിനാല്‍ ക്വാളിറ്റിയുള്ള കന്യാസ്ത്രീകളുണ്ടാവാനുള്ള സാധ്യത കുറവ്‌-

എന്റെ ഈ ചിന്തയുടെ പ്രചോദനം - ഒരു സിസ്റ്റര്‍ എന്നോട്‌ പറഞ്ഞ വാചകമാണ്‌ -ജര്‍മ്മനിയിലെ ഏറ്റവും പ്രായം കുറഞ്ഞ കന്യാസ്ത്രീക്ക്‌ (അവരുടെ സഭയിലെ) 56 വയസ്സാണ്‌.